
ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് ഇൻകാസ് ഖത്തർ അഭിപ്രായപ്പെട്ടു.
ഓണത്തിന് മുന്നോടിയായി പ്രവാസി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ തുക വകമാറ്റി ചിലവഴിച്ചതു വഴി, പെൻഷൻ വിതരണത്തിലുണ്ടായ കുടിശ്ശിക മൂലം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സർക്കാർ അനുവദിച്ച ആദ്യഘട്ട തുക വലിയ ആശ്വാസമാണ്.
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും 32 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെയും യുഡിഎഫ് സർക്കാരിനെയും ഇൻകാസ് സെൻട്രൽ കമ്മിറ്റി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഇൻകാസ് ഖത്തറിൻ്റെ പിന്തുണ ഭാരവാഹികൾ അറിയിച്ചു.










